Top Stories
സെൽഫി എടുക്കുന്നതിനിടെ അമ്മയുടെ കയ്യില്‍നിന്ന് കുട്ടി കടലിൽ വീണു മരിച്ചു;
September 15, 2020

ആലപ്പുഴയിൽ കടലില്‍വീണു കാണാതായ രണ്ടരവയസുകാരന്റെ മൃതദേഹം ലഭിച്ചു. സെല്‍ഫി എടുക്കുന്നതിനിടെ അമ്മയുടെ കയ്യില്‍നിന്നാണ് കുട്ടി വീണത്. പാലക്കാട് കിഴക്കഞ്ചേരി  ലക്ഷ്മണന്റെയും അനിതയുടെയും മകന്‍ ആദികൃഷ്ണയാണ് മരിച്ചത്. ഇഎസ്ഐ ജംങ്ഷനു സമീപം കടൽത്തീരത്ത് 13 നാണ് സംഭവം നടന്നത്. പൊലീസും ലൈഫ് ഗാർഡും അഗ്നിരക്ഷാ സേനയും മത്സ്യത്തൊഴിലാളികളും 2 ദിവസമായി തിരച്ചിൽ നടത്തിയെങ്കിലും ശക്തമായ ഒഴുക്കും തിരയും പ്രതിസന്ധിയായിരുന്നു. തൃശൂർ ചുവന്നമണ്ണ് പൂവൻചിറയിലുള്ള തന്റെ വീട്ടിലെത്തി സഹോദരന്റെ കല്യാണത്തിൽ പങ്കെടുത്തശേഷം അമ്മയുടെ അനുജത്തി സന്ധ്യയുടെ ആലപ്പുഴ ചാത്തനാട്ടെ വീട്ടിൽ വന്നതായിരുന്നു അനിതയും (മോളി) മക്കളും. കടൽ കാണിക്കാൻ സന്ധ്യയുടെ ഭർത്താവ് ബിനുവാണ് അനിതയെയും മക്കളായ അഭിനവ് കൃഷ്ണൻ, ആദി കൃഷ്ണൻ, സഹോദര പുത്രനായ ഹരികൃഷ്ണൻ എന്നിവരെ കാറിൽ കയറ്റി കൊണ്ടുപോയത്. കടൽ കാണണമെന്ന കുട്ടികളുടെ നിർബന്ധത്തെ തുടർന്നാണ്  കാറിൽ പുറപ്പെ‌ട്ടതെന്നു ഇവരെ കൊണ്ടുവന്ന  ചേർത്തല ചാരമംഗലം ബിനുഭവനിൽ ബിനു പറ​ഞ്ഞു. ശക്തമായ മഴയുണ്ടായിരുന്നു. കടലും പ്രക്ഷുബ്ധമായിരുന്നു.