Top Stories
പെരിയ ഇരട്ട കൊലപാതകം സിബിഐ അന്വേഷിക്കും
August 25, 2020

പെരിയ ഇരട്ട കൊലപാതക കേസിൽ സർക്കാരിന് തിരിച്ചടിയായി കോടതി വിധി. പെരിയ കേസ് സിബിഐ അന്വേഷിക്കുന്നതിനെ എതിർത്തു സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി.പോലീസിന്റെ കുറ്റപത്രം റദ്ദാക്കിയ സിംഗിള്‍ ബഞ്ച് നടപടി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി, കേസ് സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. ചീഫ് ജസ്റ്റിസ് മണികുമാര്‍, ജസ്റ്റിസ് സി. ടി രവികുമാര്‍ എന്നിവരുടേതാണ് ഉത്തരവ്.

വാദം പൂര്‍ത്തിയാക്കി ഒൻപത് മാസത്തിന് ശേഷമാണ് കേസില്‍ വിധി പറഞ്ഞിരിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം കുറ്റമറ്റതാണ് എന്നായിരുന്നു ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചത്.

സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാക്കളുടെ മാതാ പിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ 2019 സെപ്തംബര്‍ 30 നാണ് ഹൈക്കോടതി സിംഗിള്‍ബെഞ്ച് അന്വേഷണം സി.ബി.ഐയ്ക്കു വിട്ടത്.
2019 ഫെബ്രുവരി 17 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലും കൃപേഷും കൊല്ലപ്പെട്ടത്. അക്രമികൾ വെട്ടിപരുക്കേൽപ്പിച്ച കൃപേഷ് സംഭവസ്ഥലത്തും, ശരത് ലാൽ ആശുപത്രിയിലേക്കുള്ള യാത്ര മധ്യേയുമാണ് മരണപെട്ടത്.