Top Stories
പാലാരിവട്ടം പാലം :പൊളിച്ചു പണി ആരംഭിച്ചു
September 28, 2020

പാലാരിവട്ടം പാലം പൊളിച്ചു പണിയുന്നതിനുള്ള നടപടികൾ ആരംഭിച്ചു. എട്ടുമാസത്തിനുള്ളിൽ പാലം പൊളിച്ചു പണിയുകയാണ് സർക്കാരിന്റെ ലക്ഷ്യം. പൊളിക്കൽ ആരംഭിക്കുന്നതിനു മുന്നോടിയായി പാലത്തിൽ പൂജ നടന്നു. രാവിലെ ഒമ്പതു മണിയോടെ പാലം പൊളിക്കുന്നതിനുള്ള പ്രാഥമിക നടപടി ക്രമങ്ങൾ ആരംഭിച്ചു.

ആദ്യഘട്ടത്തിൽ പാലത്തിലെ ടാറ് ഇളക്കിമാറ്റുന്ന ജോലികളാണ് തുടങ്ങിയത്. ഡി.എം.ആർ.സിയുടെയും ഊരാളുങ്കൽ സൊസൈറ്റിയുടെയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. ഡി.എം.ആർ.സി. ചീഫ് എൻജിനീയർ ജി. കേശവ ചന്ദ്രനാണ് പാലാരിവട്ടം മേൽപ്പാലം പൊളിച്ചു പണിയാനുള്ള ചുമതല.

കുണ്ടന്നൂർ, വൈറ്റില മേൽപ്പാലങ്ങളുടെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. ഈ രണ്ട് മേൽപ്പാലങ്ങൾ തുറക്കുന്ന സാഹചര്യത്തിൽ അവിടെ നിന്നുള്ള വാഹനങ്ങൾക്ക് ബൈപ്പാസിലേക്ക് കടക്കാൻ, പാലാരിവട്ടം പാലം ഉണ്ടായിരുന്നെങ്കിൽ വലിയ പ്രയോജനകരമായിരുന്നു. പാലാരിവട്ടം പാലം ഇല്ലാത്ത സ്ഥിതി ഗതാഗതക്കുരുക്കിന് വഴിവെക്കുന്നുണ്ട്. ഇക്കാര്യം ചർച്ച ചെയ്യുന്നതിന് സിറ്റി ട്രാഫിക് പോലീസിന്റെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം നടക്കും. ഇതിനു ശേഷമായിരിക്കും ഗതാഗതം ഏതൊക്കെ വഴി തിരിച്ചു വിടണമെന്ന കാര്യത്തിൽ തീരുമാനം എടുക്കുക.

പാലത്തിലെ ടാറിങ് പൂർണമായും നീക്കിയ ശേഷമായിരിക്കും 17 സ്പാനിൽ 15 സ്പാനും കഷ്ണങ്ങളായി മുറിക്കുന്നത്. ആറ് ഗർഡറുകൾ ചേർന്നതാണ് ഒരു സ്പാൻ. രണ്ട് തൂണുകൾക്കിടയിൽ ഒരു ചതുരപ്പെട്ടിയുടെ രൂപത്തിലാണ് സ്പാൻ. ഇത്തരം സ്പാനുകൾക്ക് മുകളിലാണ് ഡെക് സ്ലാബ് കോൺക്രീറ്റ് ചെയ്തിരിക്കുന്നത്.