Top Stories
കോന്നി ഇനി പത്തനംതിട്ടയുടെ ആരോഗ്യ തലസ്ഥാനം :
September 14, 2020

പത്തനംതിട്ടയുടെ ആരോഗ്യ തലസ്ഥാനമാകാൻ ഒരുങ്ങി കോന്നി  മെഡിക്കൽ കോളജ്. ഇന്ന് രാവിലെ  10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ ഒ.പി. വിഭാഗത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി കെ.കെ. ശൈലജ  അധ്യക്ഷത വഹിക്കും. മന്ത്രി കെ. രാജു, ആന്റോ ആന്റണി എം.പി., എംഎൽഎമാരായ കെ.യു. ജനീഷ് കുമാർ, മാത്യു ടി. തോമസ്, രാജു ഏബ്രഹാം, ചിറ്റയം ഗോപകുമാർ, വീണാ ജോർജ് തുടങ്ങിയവർ പങ്കെടുക്കും. പ്രിൻസിപ്പലിന്റെയും ആശുപത്രി സൂപ്രണ്ടിന്റെയും ഓഫിസ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.  ആധുനിക ഒപി ആരംഭിക്കുന്നതിന് ആവശ്യമായ ഫർണിച്ചറും ലഭ്യമാക്കി.

ഒപിയിലേക്ക് ആവശ്യമായ ഉപകരണങ്ങൾ  എംഎൽഎ ഫണ്ട് വിനിയോഗിച്ച് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ  വഴി ലഭ്യമാക്കി. ഫാർമസിയും സജ്ജീകരിച്ചു. കെഎംഎസ്‌സിഎൽ വഴി മരുന്നുകളും ലഭ്യമാക്കി.  എംസിഐ മാനദണ്ഡ പ്രകാരം 50 വിദ്യാർഥികളെ പ്രവേശിപ്പിക്കാനും ആശുപത്രി സുഗമമായി നടത്തിക്കൊണ്ടു പോകാനും ആവശ്യമായ തസ്തികകൾ സൃഷ്ടിക്കാനുളള പ്രാഥമിക നടപടികളും ആരംഭിച്ചു. മെഡിക്കൽ കോളജിലേക്ക് എത്താനുളള വിശാലമായ റോഡും തയാറാണ്. ജല അതോറിറ്റിയുടെ നേതൃത്വത്തിൽ ജലശുദ്ധീകരണ പ്ലാന്റും സജീകരിച്ചിട്ടുണ്ട്.

കോന്നിയിലേത്‌ രാജ്യത്തെ 543-ാം മെഡിക്കൽ കോളജാണ്. സംസ്ഥാനത്തെ 33‍ ാമത്തേതും. പത്തനംതിട്ട ജില്ലയിലെ നാലാമത്തെയും സർക്കാർ തലത്തിൽ ജില്ലയിൽ ആദ്യത്തേതുമാണ് കോന്നി.