Top Stories
കുവൈറ്റിൽ ഇന്ത്യയ്ക്ക് വീണ്ടും വിലക്ക്: അഞ്ചാം ഘട്ട അൺലോക്ക് നീളും
September 15, 2020

തുടർച്ചയായ നാലാം തവണയും ഇന്ത്യക്കാർക്ക് വിലക്കേർപ്പെടുത്തി കുവൈറ്റ്‌. കോവിഡ് പശ്‌ചാത്തലത്തിൽ നേരിട്ട് വരുന്നതിനു വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ മൂന്ന് രാജ്യങ്ങൾ കൂടി ചേർത്തു. നേരത്തേ പട്ടികയിലുണ്ടായിരുന്ന സിംഗപ്പൂറിനെ വിലക്കിൽ നിന്നും ഒഴിവാക്കി. ഇന്ത്യയ്ക്ക് വിലക്ക് തുടരും.

തിങ്കളാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് 32 രാജ്യങ്ങളുടെ പട്ടികയിൽനിന്ന് സിങ്കപ്പൂരിനെ ഒഴിവാക്കുകയും യമൻ, ഫ്രാൻസ്, അർജൻറീന എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്തുകയും ചെയ്തത്. ഇന്ത്യയടക്കം 32 രാജ്യങ്ങൾ ഉൾപ്പെടുന്ന പട്ടികയാണ് പരിഷ്കരിച്ചത്.

വിവിധ രാജ്യങ്ങളിലെ കോവിഡ് വ്യാപന തോതനുസരിച്ച് പട്ടികയിൽ ക്രമേണ മാറ്റങ്ങൾ വരുത്തുമെന്ന് ഭരണകൂടം നേരത്തേ വ്യക്തമാക്കിയിരുന്നു.

അതേസമയം, കുവൈറ്റിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ അഞ്ചാം ഘട്ടം ഉടൻ ഉണ്ടാകില്ല. രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് അഞ്ചാംഘട്ടത്തിലേക്കു കടക്കേണ്ടെന്നു മന്ത്രിസഭ തീരുമാനിച്ചത്. വിവാഹം, പൊതുപരിപാടികൾ, പ്രദർശനങ്ങൾ, ട്രെയിനിങ് കോഴ്‌സുകൾ, ബിരുദദാന ചടങ്ങുകൾ എന്നിവക്കുള്ള നിയന്ത്രണം തുടരും. സിനിമ നാടക തിയേറ്ററുകൾ തുറക്കുന്നതും സർക്കാർ ഓഫീസുകൾ പൂർണതോതിൽ പ്രവർത്തിക്കുന്നതും വൈകും.

നിലവിൽ നാലാം ഘട്ടത്തിലെ ഇളവുകൾ തുടരാനാണ് മന്ത്രിസഭാ തീരുമാനം.