ജെഇഇ മെയിൻ- നീറ്റ് പ്രവേശന പരീക്ഷകൾ നടത്താനുള്ള കേന്ദ്ര തീരുമാനത്തിൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. നാളെ( ഓഗസ്ത് 28-ന്) ദേശീയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.കേന്ദ്രസർക്കാരിന്റെ ഏകാധിപത്യപരമായ നടപടിയാണിത്. പരീക്ഷകൾ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും പ്രതിഷേധിക്കുകയാണ്. എന്നാൽ പരീക്ഷാനടപടികളുമായി മുന്നോട്ടുപോവാനുള്ള തീരുമാനം ആശങ്കയുളവാക്കുന്നു. രോഗവ്യാപന സാധ്യത കൂടുതലായതിനാലും ഗതാഗത നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാലും പരീക്ഷയ്ക്കെത്തുന്നത് വിദ്യാർഥികൾക്ക് ബുദ്ധിമുട്ടാവും.
എന്നാൽ പരീക്ഷ നടത്തുമെന്ന തീരുമാനത്തിലൂടെ വലിയ മാനസിക സമ്മർദ്ദമാണ് കേന്ദ്രം കുട്ടികൾക്ക് നൽകുന്നത്. അസ്സാമിലേയും ബിഹാറിലേയും വെള്ളപ്പൊക്കെ സാഹചര്യങ്ങൾ അവിടുള്ള വിദ്യാർഥികൾക്ക് മറ്റൊരു വെല്ലുവിളിയാണ്.-കെസി വേണുഗോപാൽ പ്രസ്താവനയിൽ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം.