Top Stories
നീറ്റ് പരീക്ഷ നാളെ: സംസ്ഥാനത്തു 12 പരീക്ഷാ കേന്ദ്രങ്ങൾ
September 12, 2020

സംസ്ഥാനത്തെ 12 പരീക്ഷാകേന്ദ്രങ്ങളിലായി അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റ് നാളെ നടക്കും. നാളെ ഉച്ചക്ക് രണ്ട് മുതൽ അഞ്ച് വരെയാണ് പരീക്ഷാ സമയം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, അങ്കമാലി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിങ്ങനെ 12 കേന്ദ്രങ്ങളിലായി ഒരു ലക്ഷത്തോളം കുട്ടികള്‍ പരീക്ഷയെഴുതും. രാജ്യത്താകെ 15.19 ലക്ഷം പേരാണ് പരീക്ഷയെഴുതുന്നത്.

11 മണി മുതൽ വിവിധ സ്ലോട്ടുകളിലായാണ് വിദ്യാർത്ഥികൾ അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ റിപ്പോർട്ട്‌ ചെയ്യേണ്ടത്. അഡ്മിറ്റ്‌ കാർഡിൽ രേഖപ്പെടുത്തിയ സ്ലോട്ടനുസരിച് കൃത്യ സമയത്ത് പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷാർത്ഥികൾ റിപ്പോർട്ട്‌ ചെയ്യണം.

മുൻവർഷങ്ങളിൽ പാലിച്ചിരുന്ന കർശന നിയന്ത്രണങ്ങളോടൊപ്പം കോവിഡ് മാനദണ്ഡങ്ങൾ കൂടി പാലിച്ചായിരിക്കും പരീക്ഷ നടക്കുക. അലങ്കാരങ്ങളില്ലാത്ത വസ്ത്രങ്ങളാണ് പരീക്ഷാർത്ഥികൾ ധരിക്കേണ്ടത്.
പെൺകുട്ടികൾക്ക് ഇളം നിറമുള്ള പോക്കറ്റ് ഇല്ലാത്ത കുർത്തകളോ ചുരിദാറോ ധരിക്കാം. ഹൈ ഹീൽസ്, ജീൻസ്, ലെഗ്ഗിങ്‌സ്, ആഭരണങ്ങൾ തുടങ്ങിയവ ഉപയോഗിക്കുവാൻ പാടുള്ളതല്ല. പർദ്ദ, ബുർക്ക എന്നീ മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നതിന് വിലക്കില്ല. ഇവർക്ക് പ്രത്യേക പരിശോധനയ്ക്ക് ശേഷമാകും പരീക്ഷയെഴുതാൻ അനുമതി ലഭിക്കുക. ആൺകുട്ടികൾക്ക് ഇളംനിറമുള്ള ഷർട്ട്‌-ടീഷർട്, പാന്റ്‌സ് എന്നിവയാണ് അനുവദിച്ചിരിക്കുന്നത്. കൂടുതൽ പോക്കറ്റുകൾ ഉള്ള വസ്ത്രങ്ങൾ, ജീൻസ്, മെറ്റൽ ബാൻഡ്, ട്രാക്ക്സ്യുട് എന്നിവ വിലക്കിയിട്ടുണ്ട്.

പരീക്ഷാഹാളിൽ അനുമതിയുള്ളവ

സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖ, പാസ്പോർട് സൈസ് ഫോട്ടോ, കോവിഡ് ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യ പ്രസ്താവന, ചെറിയ കുപ്പി സാനിറ്റൈസർ, വെള്ളം കുപ്പി എന്നിവ പരീക്ഷാ ഹാളിൽ അനുവദിച്ചിട്ടുണ്ട്.